മുരടിക്കുന്ന ബാല്യങ്ങള്‍
ഒരു വികസ്വര രാജ്യമാണ് നമ്മുടെ നാടെങ്കിലും ഇവിടെ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുന്നു. ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചുഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്. എന്നിട്ടും എന്തേ നമ്മുടെ നാട്ടിൽ ബാലവേലകൾ പെരുകുന്നു?
ശൈശവത്തെയും, സാധാരണ വിദ്യാഭ്യാസത്തെയും നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവും, ധാർമികവുമായ വളർച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിൽ അവരെ ഏതെങ്കിലും ജോലികളിൽ ഏർപ്പെടുത്തുന്നതിനെയാണ് ബാലവേല എന്നു പറയുന്നത്
ബാലവേലയ്ക്ക് മുഖ്യ കാരണം ദാരിദ്ര്യം തന്നെ. പിന്നെ സാമൂഹിക സുരക്ഷിതത്വത്തിന്റെ അഭാവവും ഒരു പരിധിവരെ ബാലവേലയ്ക്ക് ആക്കം കൂട്ടുന്നു . ഉദാഹരണത്തിന് ... ഗ്രാമാന്തരീക്ഷത്തിൽ വളരുന ഒരു പെൺകുട്ടിയെ ദൂരെ സ്കൂളിലേക്കയച്ചു പഠിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകില്ല. ഹോസ്റ്റലുകളിൽ വിട്ടു പഠിപ്പിക്കുവാനുള്ള സാമ്പത്തികവും ഇല്ല. അപ്പോൾ പിന്നെ എന്തുചെയ്യും? വെറുതെ വീട്ടിൽ നിറുത്താതെ എവിടെയെങ്കിലും വിശ്വസ്തമായ വീടുകളിൽ ജോലിക്കു നിർത്തുന്നു.
ഇതു പോലെയാണ് ഓരോ കുടിക്കും സംഭവിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവമാണ് ഒരു പരിധി വരെ ബാലവേലയെ വളർത്തുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളമൊഴിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ എത്ര നല്ല സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്? മാത്രമല്ല നിരക്ഷരരും ദരിദ്രരുമായ മാതാപിതാക്കൾ കരുതുന്നത് മറ്റൊന്നാണ്.... ഈ വിദ്യാഭ്യാസം കൊണ്ട് എന്തു ഗുണം.... ആ സമയത്ത് ജോലി ചെയ്താൽ ഒരു നേരത്തെ ആഹാരത്തിനെങ്കിലും വകയാകുമല്ലോ എന്ന്. അതു കൊണ്ട് മാതാപിതാക്കൾ കുട്ടികളെ ജോലിക്കയയ്ക്കുന്നു. നിരക്ഷരരായ മാതാപിതാക്കളുടെ ബോധവൽക്കരണം ഇവിടെ അത്യാവശ്യമാകുന്നു.
ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലും ബാലവേലയ്ക്ക് നിർബന്ധിതരാകുന്നത്. എവിടെയും ബാലവേലക്കാർക്കാണ് ആവശ്യക്കാർ കൂടുതൽ. കാരണം മറ്റൊന്നുമല്ല . കുട്ടികൾക്ക് മുതിർന്നവരെ അപേക്ഷിച്ച് കുറഞ്ഞ ഭക്ഷണവും തുച്ഛമായ വേതനവും കൊടുത്താൽ മതിയാകും. മാത്രമല്ല കുട്ടികൾ ആനുകൂല്യങ്ങൾക്കു വേണ്ടി വാദിക്കാനോ എതിർക്കാനോ നിൽക്കുകയുമില്ല. ജനപ്പെരുപ്പവും തൊഴിലില്ലായ്മയും ജനത്തെ ദാരിദ്ര്യത്തിലാഴ്ത്തുന്നു. അപ്പോൾ പിന്നെ ചെറിയ വരുമാനമെങ്കിലും മതി എന്നു കരുതി മാതാപിതാക്കൾ തന്നെ കുഞ്ഞുങ്ങളെ ജോലിക്കയയ്ക്കുന്നു. വിശപ്പിനു മുന്നിൽ അന്നമാണ് വലുത്. അപ്പോൾ വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ചിന്തിക്കാൻ ആ പാവങ്ങൾക്കെവിടെ സമയം
ബാലവേല സമൂഹത്തിൽ ഊർജിതപ്പെടുന്നതിനാൽ നമുക്കുണ്ടാകുന്ന നഷ്ടങ്ങൾ ഭീകരമാണ്. അത് ഒരു നല്ല തലമുറയെ ഇല്ലാതാക്കുന്നു. നിരക്ഷരരായ കുട്ടികൾ അറിവില്ലാതെ വളരുന്നു. അവരെ മറ്റുള്ളവർ തെറ്റായ രീതിയിൽ മുതലെടുക്കുന്നു. അവരുടെ നല്ല കഴിവുകൾ ലോകം അറിയാതെ പോകുന്നു. അവർ എവിടെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നു. ചെറുപ്പം മുതൽക്കേയുള്ള ജോലി അവരെ രോഗിയും അസ്വസ്ഥരുമാക്കുന്നു. ബാലവേലയിലുള്ള വർധനവുകൊണ്ട് മുതിർന്നവർക്ക് ജോലി സാധ്യതയും വേതനവും കുറയുന്നു. മാത്രമല്ല ഇങ്ങനെ വളരുന്ന കുട്ടികളാണ് നാളെ നാടിന് കുറ്റവാളികളെ സമ്മാനിക്കുന്നത് . ബാലവേല നമ്മുടെ നാടിന്റെ നല്ല ഭാവിയെയാണ് ഇല്ലാതാക്കുന്നത്. ഇത് തുടർന്നാൽ നാളെ നമ്മുടെ നാടും നിരക്ഷരരെക്കൊണ്ടും അക്രമികളെക്കൊണ്ടും നിറയും. ഭാരതവും മറ്റൊരു കുരുതിക്കളമായി മാറും. നമ്മുടെ നാടിന്റെ ശാപമായ ബാലവേലയും നിരക്ഷരതയും പാടെ തുടച്ചു മാറ്റാൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്. അതിനു വേണ്ട ആത്മാർത്ഥമായ ശ്രമം നമ്മുടെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം.