ഭാരതത്തിലെ മറ്റേതെങ്കിലുമൊരു സംസ്ഥാനത്തിന് സ്വപ്നം കാണാനാവാത്തതാണ് സാക്ഷരതയിലും ഗ്രന്ഥശാലാ സൗകര്യത്തിലും കേരളത്തിലുണ്ടായ പുരോഗതി. ഒരു ജനതയുടെ സംസ്കാരവും സാക്ഷരതയും സാമ്പത്തിക സാമൂഹ്യ വികസനവും ഒക്കെ ഗ്രന്ഥശാലകളാൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് കേരളത്തിലെ ഗ്രാമങ്ങൾ. ഗ്രന്ഥശാലാ സാക്ഷരതാ പ്രസ്ഥാനങ്ങൾക്കു വേണ്ടി പുരുഷായുസ്സ് മുഴുവൻ യത്നിച്ച പി.എൻ.പണിക്കരോട് കേരളം ഇന്നത്തെ, രാഷ്ട്രീയ, , സാമ്പത്തിക, സാമൂഹ്യ സ്ഥിതിക്ക് കടപ്പെട്ടിരിക്കുന്നു.
കുട്ടനാട്ടെ നീലംപേരൂർ ഗ്രാമത്തിൽ പുതു വായിൽ കുടുംബത്തിൽ 1909 മാർച്ച് 1 നാണ് പി.എൻ.പണിക്കർ ജനിച്ചത്. ഗോവിന്ദപ്പിള്ളയും ജാനകിയമ്മയുമായിരുന്നു മാതാപിതാക്കൾ. ഗ്രാമത്തിലും ചങ്ങനാശേരി വാഴപ്പിള്ളിയിലുമായിരുന്നു സ്കൂൾ പഠനം.